ബാലഭവനെക്കുറിച്ച്

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍ - കുട്ടികള്‍ ഒരു അത്ഭുത പ്രപഞ്ചം

ഭാരതത്തിന്റെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ - കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. തലസ്ഥാനനഗരിയില്‍ കനകക്കുന്ന് കൊട്ടാരത്തിനു സമീപം സ്ഥിതി ചെയ്യുന്നു.

അനൗപചാരിക വിദ്യാഭ്യാസ പരിപാടികളിലൂടെ ക്രിയാത്മകമായി ചിന്തിക്കാന്‍ സാധിക്കുക. അതിലൂടെ ആത്മധൈര്യവും, ആത്മവിശ്വാസവും, ഐക്യതയും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ബാലഭവന്റെ പരമമായ ലക്ഷ്യം. ഈ ചിന്തനങ്ങളിലൂടെ ഉന്നതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ചാച്ചാജി വിഭാവനം ചെയ്തിരുന്ന ശക്തമായ ഒരു രാഷ്ട്രമായി ഭാരതത്തെ മാറ്റാന്‍ നമ്മുടെ വരും തലമുറയ്ക്ക് സാധിക്കും എന്നുള്ള ഒരു ഉള്‍ക്കാഴ്ചയാണ് ഈ സ്ഥാപനത്തിനുള്ളത്.

1955-ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്റററി സയന്റിഫിക്ക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് തകക പ്രകാരം 05.08.1969-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനം കേരള സര്‍ക്കാര്‍ സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഈ മഹത് സ്ഥാപനം 1970-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു.

കലാ-സാംസ്‌കാരിക-ശാസ്ത്ര-സാഹിത്യ മണ്ഡലങ്ങളില്‍ കുട്ടികളുടെ ക്രിയാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനായി ഓരോ കുട്ടിയുടെയും പ്രായത്തിനും കഴിവിനും അനുസരിച്ച് വിവിധതരം പ്രവൃത്തികള്‍ കുട്ടികള്‍ക്കായി ഒരുക്കുന്നു. കുട്ടികള്‍ക്ക് യാതൊരു ഭയവും കൂടാതെ അന്യോന്യം ഇടപഴകുന്നതിനും ആശയവിനിമയം നടത്തുന്നതിനും പുതുമയുള്ള ആശയങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്നതിനും പുതിയ പുതിയ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. ഇന്നത്തെ ഈ ജീവിതരീതിയില്‍ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കൂട്ടായ്മയുടെയും സഹകരണത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും മറ്റും ഗുണഫലങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഒരിടമാണ് ജവഹര്‍ ബാലഭവന്‍. ഇന്ന് ശിഥിലമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ പവിത്രത കുഞ്ഞു മനസ്സുകളിലേക്ക് ഒരിളം കാറ്റിന്റെ കുളിര്‍മ പോലെ അവരറിയാതെ തന്നെ കടന്നു ചെല്ലുന്ന അന്തരീക്ഷം. അതിലൂടെ അവര്‍ക്കുണ്ടാകുന്ന ഒരു മാനസിക പരിവര്‍ത്തനം - അത് എത്രമാത്രം വലുതാണ് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.


ഉദ്ദേശലക്ഷ്യങ്ങള്‍

ഒരു കുട്ടിയുടെ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണ്ണമായ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബാലഭവന്‍ ഇന്നത്തെ ഔപചാരിക വിദ്യാഭ്യാസരീതി കുട്ടികളില്‍ അതിശയോക്തമായ മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്ന ഈ വേളയില്‍ കുട്ടികളുടെ  അവസ്ഥയ്ക്ക് അയവു വരുത്തുന്നതിനായി അവരുടെ ഇഷ്ടമനുസരിച്ച് പാടാനും നൃത്തം ചെയ്യാനും പടം വരയ്ക്കാനും ഓടിത്തിമിര്‍ക്കാനും എല്ലാം കഴിയുന്ന സ്വതന്ത്രമായ ഒരു അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. കുഞ്ഞുങ്ങള്‍ക്ക് ആനന്ദം പകരുന്നതിനോടൊപ്പം ജീവിതമൂല്യങ്ങള്‍ കൂടി മനസ്സിലാക്കിക്കൊടുക്കേണ്ടത്. നാം ഓരോരുത്തരുടെയും കടമയാണെന്നുള്ള സത്യത്തില്‍ നിന്നാണ് ബാലഭവന്റെ തുടക്കം. ഓരോ കുഞ്ഞിന്റെയും മനസ്സിനും ശരീരത്തിനും ഒരുപോലെ ആനന്ദവും കരുത്തും നല്‍കുന്നതിന് സാധ്യമാകുന്ന, അവന് കഴിവുള്ള മണ്ഡലത്തില്‍ വിരാജിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള താഴെപ്പറയുന്ന വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

ചിത്രരചന-പെയിന്റിംഗ്, ശില്‍പ്പനിര്‍മ്മാണം, നാടകം, കീബോര്‍ഡ്, വീണ, വയലിന്‍, ഹാര്‍മോണിയം, ഗിത്താര്‍, തബല, മൃദംഗം, ഇലക്‌ട്രോണിക്‌സ്, ക്രാഫ്റ്റ്, എംബ്രോയിഡറി, മലയാള ഭാഷാപരിചയം, സ്‌പോക്കണ്‍ ഇംഗ്ലീഷ്, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, ലളിതസംഗീതം, ശാസ്ത്രീയ സംഗീതം, യോഗ, കളരിപ്പയറ്റ്, റോളര്‍സ്‌കേറ്റിംഗ്, എയ്‌റോമോഡലിംഗ്.
 

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: